Tuesday, December 23, 2008
തെളിവുകള്‍ക്ക് യുഎസ് അംഗീകാരം
ന്യൂഡല്‍ഹിമുംബൈ ഭീകരാക്രമണത്തില്‍ ലഷ്കര്‍ തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ക്ക് അമേരിക്കന്‍ പിന്തുണ. ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ഭീകരരാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ അന്വേഷണ സംഘത്തിന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നല്‍കിയ തെളിവുകളാണ് അമേരിക്കന്‍ ഇന്റലിജന്‍സ് അംഗീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ എഫ്ബിഐ അടക്കമുളള കുറ്റാന്വേഷണ ഏജന്‍സികള്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയതിനു ശേഷമാണ് ഇത്തരമൊരു സ്ഥിരീകരണം നല്‍കിയത്.ഇതോടെ പാക്കിസ്ഥാനുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയേക്കും. ഇന്റലിജന്‍സിലെ ഉന്നത ഉദ്യോഗസ്ഥനായ ജോണ്‍ മൈക്കിള്‍ മക്ഗണല്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ ശക്തമാണെന്ന് അഭിപ്രായപ്പെട്ടു. നേരത്തേ എഫ്ബിഐ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തി തെളിവു ശേഖരിക്കുകയും അജ്മലിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ആക്രമണകാരികള്‍ക്ക് ലഷ്കര്‍ ഭീകരനായ അബു അല്‍ ക്വാമ പാക്കിസ്ഥാനില്‍ നിന്നും സാറ്റ് ലൈറ്റ് ഫോണ്‍വഴി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി മക് ഗണല്‍ അറിയിച്ചു. താജ് ഹോട്ടലില്‍ നിന്നും ലഭിച്ച ഭീകരരുടെ കേടുപാടുകള്‍ സംഭവിച്ച മൊബെയില്‍ ഫോണില്‍നിന്നും ഉന്നത സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി. പാക്കിസ്ഥാന്‍ നിഷേധാത്മക നിലപാട് തുടരുകയാണെങ്കില്‍ അമേരിക്ക സ്വന്തം നിലയ്ക്ക് ശേഖരിച്ച തെളിവുകള്‍ പാക്കിസ്ഥാനു കൈമാറുമെന്നാണ് സൂചന.
Subscribe to:
Post Comments (Atom)
No comments:
Post a Comment